Kerala
പത്തനംതിട്ട: മണിയാർ ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും തുറന്നുവച്ചിട്ട് നാളുകളേറെയായി. ഇതിനിടെ വരൾച്ച വന്നപ്പോൾ ജലസേചന പ്രക്രിയ മുടങ്ങി. മഴ ശക്തമായപ്പോൾ പത്തനംതിട്ട ജില്ലയിലും കുട്ടനാട് മേഖലയിലും പ്രളയ നഷ് ടം ഇരട്ടിപ്പിച്ചതും മണിയാർ തന്നെ എന്നുറപ്പിക്കാം.
ജലസേചന വകുപ്പിന്റെ മണിയാർ സംഭരണിയുടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്കാണ് കരാർ നൽകിയിരിക്കുന്നത്. സ്ലൂയിസ് വാൽവ് അടക്കം തുറന്ന് സംഭരണി പൂർണമായി ഇതിനായി തുറന്നിട്ടിരിക്കുകയാണ്. വേനൽക്കാലത്തെ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിർത്തിവച്ചിരുന്നു. മഴ വന്നതോടെ ജലസംഭരണിയിൽ വെള്ളം തടയപ്പെടുന്നില്ല. ഇതിന്റെ അപകടം മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാൻ അധികൃതരും ശ്രമിച്ചില്ല.
മണിയാറിനു മുകളിൽ കക്കാട്ടാറിൽ തന്നെയുള്ള കാരിക്കയം, അള്ളുങ്കൽ പദ്ധതികളുടെ നിലനില്പും മണിയാർ സംഭരണിയിൽ വെള്ളം തടയപ്പെടുന്നതിനനുസരിച്ചാണ്. മണിയാറിൽ വെള്ളം തടഞ്ഞ് ജലസേചനം നടത്തുന്നതിനൊപ്പം കാർബോറാണ്ടം കന്പനിക്ക് വൈദ്യുതി ഉത്പാദനത്തിനും നൽകുന്നുണ്ട്.
തകരാറിലായ ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ ആർഎം സിൻഹ ആൻഡ് കന്പനിക്ക് കരാർ നൽകിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. ആറുമാസത്തിനുള്ളിൽ നിർമാണജോലികൾ പൂർത്തീകരിക്കേണ്ടിയിരുന്നു. എന്നാൽ പാതിവഴിയിൽ നിർമാണം നിർത്തിവച്ചിരിക്കുകയാണ്. നിർമാണം പൂർത്തീകരിക്കണമെങ്കിൽ സംഭരണി പൂർണതോതിൽ വറ്റിക്കണമെന്നാണ് കരാറുകാർ പറയുന്നത്.
മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും മണിയാറിലെ പോരായ്മ ശ്രദ്ധിച്ചില്ല. മഴ ശക്തമായപ്പോൾ പന്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചവരും മണിയാറിൽ നിന്ന് ഒഴുക്ക് അവഗണിച്ചുവെന്നാണ് ആക്ഷേപം. മണിയാർ ഡാമിലൂടെ വെള്ളം കുതിച്ചൊഴുകിയതിനേ തുടർന്ന് വെള്ളിയാഴ്ച രാത്രി കക്കാട്ടാർ തീരത്തെ രണ്ട് വീടുകളാണ് തകർന്നത്. 15 വീടുകളിൽ വെള്ളം കയറി.
District News
കോട്ടയം: കിഴക്കന് മലവെള്ളപ്പാച്ചിലില് കോട്ടയത്തിന്റെ പടിഞ്ഞാറന് മേഖല പൂര്ണമായും മുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിമുതല് ജില്ലയുടെ മലയോര മേഖലയില് പെയ്ത അതിതീവ്ര മഴയുടെ വെള്ളം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയതോടെയാണു പടിഞ്ഞാറന് മേഖല വെള്ളത്തിനടിയിലായത്. ഞായറാഴ്ച ഉച്ചയോടെ കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറിത്തുടങ്ങി. രാത്രിയോടെ പടിഞ്ഞാറന് മേഖലയിലെ റോഡുകളെല്ലാം തോടായി. വീടുകളും സ്ഥാപനങ്ങളും വെള്ളത്തില് മുങ്ങി.
ഇന്നലെ രാവിലെവരെ തുടര്ന്ന മഴ ഉച്ചയോടെ ശമിച്ചു. പകല് കാര്യമായ മഴയുണ്ടായില്ല. മലയോരത്തും മഴയില്ല. വേമ്പനാട്ടു കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സാവധാനത്തിലാണ്. ഇതോടെ വെള്ളം ഇറങ്ങാന് ദിവസങ്ങളെടുക്കുന്ന സ്ഥിതിയാണ്.
മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുകയാണ്. മലവെള്ളപ്പാച്ചിലില് വ്യാപക കൃഷിനാശവുമുണ്ടായി. ആറുമാനൂരില് ഇന്നലെ യുവാവ് ഒഴുക്കില്പെട്ടു മരിച്ചു. ഇതോടെ ജില്ലയില് കാലവര്ഷക്കെടുതിയില് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി.
പ്രധാന റോഡുകളില് വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു
പ്രധാന റോഡുകളില് രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവുമുണ്ടായി. പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്ണമായോ തടസപ്പെട്ടിരിക്കുകയാണ്. എംസി റോഡിൽ നാഗന്പടം, ചെന്പരത്തിമൂട് എന്നിവിടങ്ങളിൽ വെള്ളം കയറി.പാലാ - ഈരാറ്റുപേട്ട റോഡില് മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
പാലാ കൊട്ടാരമറ്റത്തും പാലാ-ഏറ്റുമാനൂര് റോഡില് കിടങ്ങൂരിലും വെള്ളക്കെട്ടുണ്ടായി. കോട്ടയം - കുമരകം റോഡില് താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല് റോഡും അയര്ക്കുന്നത്തേക്ക് പോകുന്ന റോഡുകളും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര് - മണര്കാട് റോഡില് നാലുമണിക്കാറ്റില് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
പാലാ-വലവൂര് റൂട്ടില് മുണ്ടുപാലത്ത് ഗതാഗതം തടസപ്പെട്ടു. പാലാ-രാമപുരം റോഡിലും പകല് ഗതാഗത തടസമുണ്ടായി. ഏഴാച്ചേരി-രാമപുരം റോഡില് കരൂരില് വെള്ളക്കെട്ടുണ്ട്. ഗതാഗതം പൂര്ണമായിട്ടില്ല
പൂവത്തുംമൂട്ടില് മീനച്ചിലാര് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഏറ്റുമാനൂര് പട്ടിത്താനം - മണര്കാട് ബൈപാസ് അടച്ചു. പട്ടര്മഠം പാലത്തിനു സമീപം മീനച്ചിലാര് കരകവിഞ്ഞതിനെ തുടര്ന്ന് ഏറ്റുമാനൂര് - അയര്ക്കുന്നം റോഡ് അടച്ചു.
കറ്റോട് കവലയ്ക്കു സമീപം റോഡില് വെള്ളം കയറിയതിനെ തുടര്ന്ന് ഏറ്റുമാനൂര് - പുന്നത്തുറ റോഡ് കറ്റോട് കവലയില് അടച്ചു. ഷട്ടര്കവല - കണ്ണമ്പുര - പള്ളിക്കുന്ന് - ചെറുവാണ്ടൂര് റോഡ് കണ്ണമ്പുരയില് അടച്ചു.
യാത്ര നിരോധിച്ചു
കോട്ടയം-കുമരകം റോഡില് വെള്ളംകയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര് ചേതന്കുമാര് മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില് ഉള്ളവര് ജാഗ്രത പാലിക്കണമെന്നും കളക്ടര് അറിയിച്ചു.
ദേശീയപാതയില് മുണ്ടക്കയം മുതല് കുട്ടിക്കാനംവരെ റോഡില് രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്. കനത്ത മഴയെത്തുടര്ന്ന് മലമുകളില് പാറക്കല്ലുകള് മണ്ണുമായി ബന്ധം വേര്പെട്ടു നില്ക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിര്ദേശം. ഈരാറ്റുപേട്ട- വാഗമണ് റൂട്ടിലും രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര് നിര്ദേശിച്ചിട്ടുണ്ട്. ഇവിടെ 15 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ പാറക്കൂട്ടങ്ങള് റോഡിലേക്ക് പതിച്ചത് റോഡിന്റെ വശങ്ങളിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളിയില് ഭീതി ഒഴിഞ്ഞു
കാഞ്ഞിരപ്പള്ളി: ഇന്നലെ പുലര്ച്ചെ പെയ്ത ശക്തമായ മഴയില് ചിറ്റാര് പുഴയിലും മണിമലയാറിലും ജലനിരപ്പ് ഉയര്ന്നു. പഴയിടം കോസ്വേ വീണ്ടും വെള്ളത്തില് മുങ്ങി. രാവിലെ പത്തോടെ മഴ പൂര്ണമായും മാറിയ സ്ഥിതിയായിരുന്നു. ഇതോടെ പാലങ്ങളില്നിന്നെല്ലാം വെള്ളമിറങ്ങി. ഞായറാഴ്ച പഴയിടം പാലത്തില് അടിഞ്ഞുകൂടിയ മാലിന്യങ്ങളെല്ലാം നീക്കം ചെയ്തിരുന്നെങ്കിലും ഇന്നലെ പുലര്ച്ചെ പെയ്ത മഴയില് വീണ്ടും മാലിന്യം അടിഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തനം തുടരുകയാണ്.
ജാഗ്രതയില് മലയോര മേഖല
മുണ്ടക്കയം: മലയോര മേഖലയില് കനത്ത മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാവിലെമുതല് പകല് സമയങ്ങളില് നേരിയ മഴ പെയ്തങ്കിലും ശക്തമായ മഴ പെയ്യാതിരുന്നത് മലയോര മേഖലയ്ക്ക് ആശ്വാസമായി. പ്രദേശത്തെ പ്രധാന പുഴകളായ പുല്ലകയാറ്റിലെയും നെടുംതോട്ടിലെയും മണിമലയാറ്റിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഉരുള്പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും പ്രദേശത്തെ ചെറുതും വലുതുമായ പാലങ്ങളില് വലിയതോതിലാണ് മാലിന്യങ്ങളും മരക്കഷണങ്ങളും വന്നടിഞ്ഞത്.
പഞ്ചായത്തിന്റെയും റവന്യൂ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില് പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ കല്ലും മണ്ണും തടിയും മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഉരുള് പൊട്ടലില് ഒഴുകിയെത്തിയ ഭീമന് മരങ്ങള് മുണ്ടക്കയം കോസ്വേ പാലത്തിലും കൂട്ടിക്കല് ചപ്പാത്തിലും അടിഞ്ഞിരുന്നു. ക്രെയിന് ഉപയോഗിച്ച് ഈ മരങ്ങള് മുറിച്ചുമാറ്റി വെള്ളമൊഴുക്ക് സുഗമമാക്കി.
Kerala
പാലാ: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ വെള്ളപ്പൊക്കം. ഇതോടെ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ - ഈരാറ്റുപേട്ട റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മണിമലയാറ്റിലും വെള്ളം ഉയരുകയാണ്. മണിമലയാറിന്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. തീക്കോയി മുപ്പതേക്കർ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. മൂന്നിലവ് വലിയമംഗലം ഭാഗത്ത് വെള്ളം കയറിയതോടെ പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഇടമരുക് - വാകക്കാട് റോഡ്, ഇടമരുക് - പൈകടപ്പീടിക റോഡ് തുടങ്ങിയ വഴികളിലും വെള്ളം കയറിയിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറി.
ഇളങ്കാട് വല്യേന്ത ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പലയിടത്തും ആളുകളെ ഒഴിപ്പിച്ചുവരികയാണ്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്വേ, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
Kerala
ല്പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് ഇന്നലെ മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്ബലമായ കാമല് ഹമ്പ് മലനിരയുടെ ഭാഗം.
മീനാക്ഷി പാലത്തില്നിന്ന് ഏകദേശം എട്ട് കിലോമീറ്റര് മാത്രമാണ് 2024 ജൂലൈ 30ന് അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്പൊട്ടലുണ്ടായ പുഞ്ചിരിമട്ടം. കാമല് ഹമ്പ് മലനിരയില് ഉള്പ്പടുന്നതാണ് ഈ സ്ഥലവും.
ജൈവ വൈവിധ്യത്തിനു പ്രസിദ്ധമായ ഈ പ്രദേശങ്ങളില് 1960 മുതല് നിരവധി തവണ ഉരുള്പൊട്ടിയിട്ടുണ്ട്.
1984 ലും 2019ലും 2020ലും മുണ്ടക്കൈയില് ഉരുള് പൊട്ടി. ഉരുള്പൊട്ടലുണ്ടായ കവളപ്പാറയും പാതാറും പുഞ്ചിരിമട്ടത്തിന് ഏറെ അകലെയല്ല. 2019 ഓഗസ്റ്റ് എട്ടിന് ഉരുള് ദുരന്തമുണ്ടായ പുത്തുമല മീനാക്ഷി പാലത്തിന്റെ സമീപ പ്രദേശമാണ്.
District News
പുല്പ്പള്ളി: മഴക്കുറവിനെത്തുടര്ന്ന് കാര്ഷിക മേഖല കടുത്ത പ്രതിസന്ധിയില്. കുരുമുളകിന് തിരിയിടേണ്ട സമയത്ത് മഴ ലഭിക്കാതെ വന്നതോടെ കുരുമുളക് ചെടികളില് തിരിയിടാത്ത അവസ്ഥയിലാണ്.
ഇതിനുപുറമേ കാപ്പി, ഇഞ്ചി, ചേന ഉള്പ്പെടെയുള്ളവയ്ക്ക് വളപ്രയോഗം നടത്താന് കഴിയാത്ത അവസ്ഥയാണ്. കാപ്പിച്ചെടികള്ക്ക് ഇപ്പോള് വളപ്രയോഗം നടത്തിയാല് മാത്രമേ കാപ്പിക്കുരുവിന് വളര്ച്ച ലഭിക്കൂ. ജലസേചന സൗകര്യമില്ലാത്ത കൃഷിയിടങ്ങളിലെ കര്ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
മേയ് മാസം അവസാനത്തോടെ നട്ട കുരുമുളക് തൈകള് മഴ ലഭിക്കാത്തതിനെ തുടര്ന്ന് വാടിക്കരിയുന്ന അവസ്ഥയാണ്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം മഴ ലഭിച്ചപ്പോഴും പുല്പ്പള്ളി, മുള്ളന്കൊല്ലി പഞ്ചായത്തുകളില് തീരെ മഴ ലഭിച്ചിട്ടില്ല.
ദ്രുതവാട്ടവും വരള്ച്ചയുംമൂലം കുരുമുളക് കൃഷി നശിച്ച കര്ഷകര് പുനഃകൃഷി ചെയ്യുന്നതിനായി ബാങ്കുകളില്നിന്നുള്പ്പെടെ വായ്പയെടുത്താണ് വീണ്ടും കുരുമുളക് കൃഷിയിലേക്ക് തിരഞ്ഞത്. കുരുമുളകിന് ന്യായമായ വിലയുണ്ടെങ്കിലും ഇത്തവണത്തെ മഴക്കുറവ് കാരണം അടുത്ത വര്ഷം കുരുമുളക് വിളവെടുക്കാന് കഴിയാത്ത അവസ്ഥയാണെന്നാണ് കര്ഷകര് പറയുന്നത്. ഇഞ്ചിയും ചേനയും ഉള്പ്പെടെ മഴ ലഭിക്കാത്തതിനെ തുടര്ന്ന് കരിഞ്ഞുണങ്ങുകയാണ്. ജലസേചന സൗകര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.
മഴയില്ലാത്തതിനെ തുടര്ന്ന് കബനി നദിയിലും ജലനിരപ്പ് ഉയരാത്തതിനാല് അമ്പത് വയല് ഉള്പ്പെടെയുള്ള ജലസേചന പദ്ധതിയില് വെള്ളമില്ലാത്ത സ്ഥിതിയാണ്. കൃഷികളെല്ലാം പൂര്ണായി നശിച്ചതോടെ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മേഖലയിലെ കര്ഷകര്. കാര്ഷിക മേഖലയില് ജലസേചനമെത്തിക്കുന്നതിനാവശ്യമായ നടപടികള് ഇനിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കര്ഷകരുടെ ആവശ്യം.
District News
ചേർത്തല: ശക്തമായ മഴയെത്തുടര്ന്ന് ചേര്ത്തലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. ചേർത്തല എഇഒ ഓഫീസ്, ഡിഇഒ ഒഫീസ്, ബിആർസി ഓട്ടിസം സെന്റർ, ചേർത്തല ശ്രീനാരായണ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് ഓഫീസുകൾ പലതും വെള്ളത്തിലായത്.
മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെ നടന്നുവേണം വിദ്യാർഥികളും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് ജീവനക്കാർ ഉൾപ്പെടെ എത്തേണ്ടത്. ഇതുകൂടാതെ നിരവധി ജനങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെ കലർന്ന വെള്ളത്തിലൂടെയാണ് ജനങ്ങൾ നീന്തിപ്പോകുന്നത്. അശാസ്ത്രീയമായ കാനനിർമാണത്തെത്തുടർന്നാണ് പ്രദേശം വെള്ളത്തിൽ മുങ്ങിയതെന്ന് ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
ഒരു മഴയ്ക്കുതന്നെ ഇവിടെ ആകെ വെള്ളക്കെട്ട് പതിവാണ്. ഓട്ടിസം സെന്ററിൽ കുട്ടികൾക്ക് ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് വിദ്യാർഥികൾ തെറാപ്പിക്ക് എത്തുന്നില്ല. ഇവിടെയുള്ള രക്ഷകർത്താക്കൾ നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല. ഭിന്നശേക്ഷിക്കാരായ വിദ്യാർഥികൾക്ക് സെന്ററിൽ വെള്ളം കയറിയതിനാൽ തെറാപ്പി മുടങ്ങുകയാണ്.
ഡിഇഒ ഓഫീസുകളിലേക്കു പോകുന്നവർ തടിപ്പാലം ഉപയോഗിച്ചാണ് ഒരു കെട്ടിടത്തിൽനിന്ന് അടുത്ത കെട്ടിടത്തിലേക്കു പോകുന്നത്. ഇവിടെ മതിൽക്കെട്ടിനുള്ളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. വെള്ളവും മാലിന്യവും കൂടിക്കലർന്നാണ് പ്രദേശത്ത് ഒഴുകുന്നത്. സ്കൂൾ ഗ്രൗണ്ടിലെ വെള്ളം ഒഴുകിപ്പോവാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
District News
ഹരിപ്പാട്: കനത്ത മഴയെത്തുടർന്ന് മുറ്റത്ത് രൂപപ്പെട്ട കടുത്ത വെള്ളക്കെട്ടിനൊടുവിൽ, ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് വീട്ടമ്മയ്ക്ക് ചിതയൊരുക്കി. ഹരിപ്പാട് നഗരസഭ പന്ത്രണ്ടാം വാർഡിൽ വെട്ടുവേനി കഴുകി കോതേരിൽ പുത്തൻ വീട്ടിൽ ശ്യാമള(62)യുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ വെള്ളം പമ്പ് ചെയ്തു കളഞ്ഞശേഷം സംസ്കരിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമള ഞായറാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എന്നാൽ, കനത്ത മഴയെതുടർന്ന് പ്രദേശത്തെ റോഡിലും വീട്ടുമുറ്റത്തും വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചില്ല. തുടർന്ന് ഹരിപ്പാട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ ഡീസൽ മോട്ടോർ പമ്പ് ഉപയോഗിച്ച് മുറ്റത്തെ വെള്ളം പൂർണമായും വറ്റിച്ചശേഷമാണ് വീട്ടുകാർക്ക് സംസ്കാര ചടങ്ങുകൾ തുടങ്ങാനായത്. ചിതയൊരുക്കേണ്ട ഭാഗത്ത് ക്വാറി വേസ്റ്റിറക്കി ഉയരം കൂട്ടിയശേഷം ദഹനപ്പെട്ടി സ്ഥാപിച്ചാണ് ഒടുവിൽ മൃതദേഹം സംസ്കരിച്ചത്.
കാട്ടിൽ ജംഗ്ഷൻ - കോതേരിൽ ലക്ഷം വീട് റോഡിന്റെ ഓരത്താണ് ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്നത്.
കേവലം 500 മീറ്റർ മാത്രം നീളമുള്ള ഈ റോഡിന്റെ നൂറ് മീറ്ററോളം ഭാഗത്ത് കനത്ത മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് പതിവാണ്. പ്രദേശത്ത് മുൻപുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തോടുകൾ സ്വകാര്യവ്യക്തികൾ കൈയേറി നികത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ള അമ്പതോളം കുടുംബങ്ങളാണ് നിത്യദുരിതത്തിൽ കഴിയുന്നത്.
Kerala
ആലപ്പുഴ: ചേര്ത്തലയില് വെള്ളത്തില് കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില് വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്മ്മാണത്തിലെ അപാകതയാണ് വീടുകള് വെള്ളത്തിലാകാന് കാരണമെന്ന് നാട്ടുകാര് പറയുന്നു.
ചേര്ത്തലയില് ഏറെ നാളുകളായി ഈ പ്രശ്നം നിലനില്ക്കുന്നുണ്ട്. ഹൈവേ നിര്മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം. ദേശീയ പാത നിര്മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള് ദുരിതത്തിലായത്.
തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകലമാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളില് കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളില് സ്വസ്ഥമായിരിക്കാനോ ജനങ്ങള്ക്ക് കഴിയുന്നില്ല.
വാര്ത്ത പുറത്തുവന്നതോടെ അധികൃതര് നടപടിയുമായി എത്തി. വൈകുന്നേരം ഏഴിന് തോട്ടിലെ തടസങ്ങള് പൊളിച്ചു നീക്കുമെന്ന് അധികൃതര് അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രവര്ത്തി ചെയ്യാമെന്ന് ഉറപ്പ് നല്കി. തടസം നീക്കിയില്ലെങ്കില് നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയര്പേഴ്സണ് ഉറപ്പ് നല്കി. ദേശീയപാത അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
District News
രാമപുരം: കുടിവെള്ള പദ്ധതിക്ക് പൈപ്പുകള് ഇടുന്നതിനുവേണ്ടി രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്ത് റോഡുകള് കുത്തിപ്പൊളിച്ചിട്ട് മാസങ്ങള് കഴിഞ്ഞിട്ടും നന്നാക്കാത്തതിനെത്തുടര്ന്ന് വാഹനയാത്രക്കാരും കാല്നട യാത്രക്കാരും ഒരേപോലെ ദുരിതത്തില്.
ജല് ജീവന് മിഷന് മീനച്ചില്-മലങ്കര കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചത്. പ്രായമായവരും സ്കൂളില് പോകുന്ന കുട്ടികളും റോഡില് തെന്നിവീഴുന്നത് നിത്യസംഭവമാണ്. കൂടപ്പുലത്തെ ചെറുവഴികള് ഉള്പ്പെടെ മുഴുവന് റോഡുകളും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതല് ദുരിതം അനുഭവിക്കുന്നത്.
അപകടങ്ങള് പതിവായതോടെ ജനങ്ങള് ആശങ്കയിലാണ്.
നാളിതുവരെയായിട്ടും പുനഃസ്ഥാപിക്കാന് സാധിച്ചിട്ടില്ല. വാര്ഡിലെ ജനങ്ങള് ഒന്നടങ്കം ആശങ്കയിലാണ്. റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത് ഒരു വാര്ഡിലെ ജനങ്ങളെ ആകെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് വാര്ഡ് മെംബര് എം.പി. ശ്രീനിവാസന്റെ നേതൃത്വത്തില് നാട്ടുകാര് ബന്ധപ്പെട്ടവര്ക്ക് പരാതി നല്കിയിട്ടുണ്ട്.
അടിയന്തരമായി റോഡുകള് ഗതാഗതയോഗ്യമാക്കിയില്ലെങ്കില് സമരപരിപാടികള് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്